തിരുവനന്തപുരം:ബിജെപി പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തെത്തി
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിന് ബിജെപി നേതാക്കളും അണികളും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനത്തെ വരവേറ്റത്. വിമാനത്താവളത്തിനു പുറത്ത് തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍,മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍,ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ വിമാനത്താവളത്തില്‍ കുമ്മനം രാജശേഖരനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.വിമാനത്താവളത്തില്‍നിന്ന് റോഡ് ഷോയായാണ് കുമ്മനത്തെ പഴവങ്ങാടിയിലെത്തിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു യാത്ര.