കോട്ടയം:കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന് ജോസഫിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി.കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന് കൊലക്കേസ് അതിവേഗ കോടതിയിലേക്ക് മാറ്റും.
കെവിന് കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. സംസ്ഥാനത്താദ്യമായാണ് ഒരു കൊലക്കേസ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി വിചാരണ തുടങ്ങുന്നത്.
കഴിഞ്ഞ മെയ് 27-നാണ് നീനുവിന്റെ സഹോദരന് ഷാനു ചാക്കോയും സംഘവും ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍നിന്നും കെവിനെ തട്ടിക്കൊണ്ടുപോയത്. പിറ്റേദിവസം കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ഷാനു ചാക്കോയെ മുഖ്യ പ്രതിയാക്കിയാണ് പ്രോസിക്യൂഷന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.