തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടെടുത്ത പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതിയോഗമാണ് തീരുമാനമെടുത്തത്. ഇനിമുതല്‍ ഇടതുമുന്നണി യോഗത്തില്‍ കെ.ഇ ഇസ്മയിലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ച ഇസ്മയിലിന്റെ നടപടിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയും നിലപാട് കര്‍ശനമായി തുടര്‍ന്നതിന്റെ ഫലമായി രാജി ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇസ്മയിലിന്റെ പ്രസ്താവന അച്ചടക്കലംഘനമാണെന്നാണ് യോഗം വിലയിരുത്തി.
ഇസ്മയിലിന്റെ പരാമര്‍ശങ്ങളിലുള്ള കടുത്ത അതൃപ്തി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രകടിപ്പിച്ചു. അതേസമയം, ഇസ്മയില്‍ ഒഴികെ മറ്റൊരാളും നടപടിക്കെതിരെ രംഗത്തുവന്നില്ലെന്നതാണ് ശ്രദ്ധേയം. ഈ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ഇസ്മയിലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ ശക്തിപ്പെടുത്താനുതകുന്ന പ്രതികരണമാണ് ഇസ്മയിലില്‍ നിന്നുണ്ടായതെന്ന് കാനം കുറ്റപ്പെടുത്തി. അതേസമയം, തന്റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. എന്നാല്‍, പരാമര്‍ശങ്ങളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ കള്ളം പറയില്ലെന്നും അവ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്ന് പറയാനാവില്ലല്ലോ എന്നായിരുന്നു കാനത്തിന്റെ പരിഹാസം. ഇസ്മയിലിന്റെ വാദം ദുര്‍ബലമായതോടെ നടപടിയാണ് ഉചിതമെന്ന് നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഇടതുമുന്നണി യോഗത്തില്‍ ഇനിമുതല്‍ ഇസ്മയിലിനെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം ഐക്യകണ്ഠേനയാണ് സ്വീകരിച്ചത്. കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, നിയമസഭാ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരന് എന്നിവരാകും ഇനി എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുക. ദേശീയ എക്സിക്യൂട്ടീവ് അംഗമായതിനാല്‍ ഇസ്മയിലിനെതിരെ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. 24, 25 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവില്‍ വിഷയം അവതരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
‘മന്ത്രിസഭ ബഹിഷ്കരിക്കാനുള്ള സി.പി.ഐ മന്ത്രിമാരുടെ തീരുമാനം താന്‍ അറിഞ്ഞെങ്കിലും നേതൃത്വത്തിലുള്ള മറ്റുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു’ ഇസ്മയിലിന്റെ പ്രതികരണം. ‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും രാജിക്കിടയാക്കിയ സീറോ ജെട്ടി റോഡ് നിര്‍മാണത്തിന് എം.പി എന്ന നിലയില്‍ പണം അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും’ ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. ഇസ്മയലിന്റെ പ്രതികരണത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യം ഉടലെടുത്തതോടെ വിശദീകരണവുമായി ഇസ്മയില്‍ രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞുവെന്നപേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ യോഗ ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇസ്മയിലിന്റെ പ്രതികരണം നാവുപിഴയാണെന്ന വ്യാഖ്യാനവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും രംഗത്തെത്തി. അതോടെ, വിഷയം തണുത്തെങ്കിലും പിന്നീട് പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു പൊതുയോഗത്തില്‍ ഇസ്മയിലിന്റെ പ്രതികരണം.
സംസ്ഥാന എക്സിക്യൂട്ടീവിന്റെ വികാരവും ഇസ്മയിലിനെതിരെയുള്ള നടപടി ശുപാര്‍ശയും അതിന്മേലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഇന്നലെ യോഗം പിരിഞ്ഞത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവരാണ് ദേശീയ എക്സിക്യൂട്ടീവിലുള്ളത്. ഇവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ദേശീയ സമിതിയില്‍ വിഷയം വീണ്ടും ചര്‍ച്ചയാകും.