കൊച്ചി:കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു.ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് 4.57 ഓടെ ആയിരുന്നു അന്ത്യം.മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
ഇന്നലെ രോഗം ഗുരുതരമായതോടെ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.എന്നാല്‍ ഇന്നു രാവിലെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ഉച്ചയ്ക്കുശേഷം നില വഷളാവുകയും അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയുമായിരുന്നു.ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.
അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
കേരളരാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ പറ്റാത്ത റെക്കോഡുകള്‍ സ്വന്തമാക്കിയ ആളാണ്. തിരഞ്ഞെടുപ്പില്‍ ഒരിക്കലും അദ്ദേഹം പരാജയം അറിഞ്ഞിട്ടില്ല.യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയാണ്.13 പ്രാവശ്യമാണ് അദ്ദേഹം ബജറ്റവതരിപ്പിച്ചത്.1980 മുതല്‍ 86 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചു, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന നേതാവെന്ന റെക്കോര്‍ഡ്, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും റെക്കോഡ് – 11 പ്രാവശ്യം, ഒരേ നിയോജകമണ്ഡലത്തെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിച്ച റെക്കോഡ് (1965 മുതല്‍ പാലാ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായ വിജയം (13 തവണയാണ്, ഏറ്റവും കൂടുതല്‍ കാലം നിയമ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത റെക്കോഡ്, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ( 54 വര്‍ഷം), ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13). എന്നിങ്ങനെ ആര്‍ക്കും അസൂയപ്പെടാവുന്ന നേട്ടങ്ങള്‍.

1933 ജനുവരി 30ന് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപള്ളിയിലെ കര്‍ഷക കുടുംബത്തില്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് കെ എം മാണിയുടെ ജനനം.എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ബിരുദമെടുത്ത അദ്ദേഹം തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി.1955 അഭിഭാഷകനായി.ഒപ്പം രാഷ്ട്രീയത്തിലേക്കും സജീവമായി.1959 – കെപിസിസി അംഗം.എന്നാല്‍ 1964 ല്‍ പി.ടി.ചാക്കോയുടെ മരണത്തെുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് 15 എംഎല്‍എമാര്‍ രാജിവെക്കുകയും കെ എം ജോര്‍ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു.

1965 മാര്‍ച്ച് – നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം മാണി കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ നിന്ന് മല്‍സരിച്ചു വിജയിച്ചു. കേരള കോണ്‍ഗ്രസ് 26 സീറ്റില്‍ വിജയിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാല്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ല.എന്നാല്‍ അന്നു മുതല്‍ ഇന്നോളം പാലായില്‍ നിന്നും നിയമസഭയിലേക്കെത്താന്‍ മറ്റൊരു പേരുണ്ടായിരുന്നില്ല.
1957-ലായിരുന്നു മാണിയുടെ വിവാഹം.ഭാര്യ കുട്ടിയമ്മയെന്നു വിളിക്കുന്ന അന്നമ്മ മാണി.മക്കള്‍ ജോസ്.കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത.