തിരുവല്ല:ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു.തിരുവല്ല ആര്‍.ഡി.ഒയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.അടുത്ത മാസം മൂന്നിന് ശശികല മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകണം.ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇന്നു തന്നെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികല പറഞ്ഞു.അറസ്റ്റ് ചെയ്തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകും.
ശശികലയ്‌ക്കെതിരായ ക്രിമിനല്‍ കേസ് റെക്കോര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് പൊലീസ് തിരുവല്ല മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരുന്നു. ശശികല വീണ്ടും സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു.
നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.5 മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷവും ഭക്തയായ താന്‍ ശബരിമല ദര്‍ശനം നടത്താതെ പിന്‍മാറില്ലെന്നറിയിച്ചതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.മരക്കൂട്ടത്തില്‍ കിടന്നുറങ്ങിയ തന്നെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശശികല ആരോപിച്ചു.ശശികലയെ റാന്നി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതറിഞ്ഞ് രാവിലെ മുതല്‍ തന്നെ ഹിന്ദു ഐക്യവേദി,ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.ശശികലയും പോലീസ് സ്‌റ്റേഷനില്‍ ഉപവാസ സമരത്തിലായിരുന്നു.