തിരുവനന്തപുരം:ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.സുരേന്ദ്രന്റെ പേരില്‍ 15 കേസുകള്‍ നിലവിലുണ്ട്.ഇതില്‍ 8 കേസുകള്‍ 2016 ന് മുമ്പുള്ളതാണ്.മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒ രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും, ഉള്‍പ്പെട്ടതിനും, അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും,ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെയാണ് 15 കേസുളുള്ളത്.ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന അവസരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടായിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി എത്തിയ 52 കാരിയായ തൃശൂര്‍ സ്വദേശിനിയെ നടപ്പന്തലില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും അവരുടെ ബന്ധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനും ബന്ധുവിന്റെ പരാതിയുമുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം പൊലീസ് സ്റ്റേഷന്നില് കേസെടുത്തു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ചതിനും മറ്റും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രണ്ടാം പ്രതിയായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ ഉണ്ടായിരുന്നു.നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നീ കോടതികള്‍ സുരേന്ദ്രന് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.
വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന് പല കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാത്തതതിനാലാണ് സുരേന്ദ്രന് ജയിലില്‍ തുടരുന്നത്. യാതാര്‍ത്ഥ്യം ഇതായിരിക്കെ സുരേന്ദ്രനെ കള്ള്ക്കേസില് കുടുക്കിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.