പത്തനംതിട്ട:പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ആദ്യം സമര്‍പ്പിച്ച പത്രികയില്‍ കേസുകളുടെ എണ്ണം തെറ്റിയതിനെത്തുടര്‍ന്നാണ് പുതിയ പത്രിക സമര്‍പ്പിച്ചത്.അഭിഭാഷകന്‍ സുരേന്ദ്രനായി സമര്‍പ്പിച്ച പുതിയ സെറ്റ് നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രന് 240 കേസുകളെന്നാണ് കാണിച്ചിട്ടുള്ളത്.
ആദ്യം സുരേന്ദ്രന്‍ നല്‍കിയ പത്രികയില്‍ 20 ക്രിമിനല്‍ കേസുകളേ ഉള്ളുവെന്നാണ് വ്യക്തമാക്കിയത്.എന്നാല്‍ സുരേന്ദ്രനെതിരെ 242 കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ഇതേത്തുടര്‍ന്ന് പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.
തനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല തരംഗം നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍
സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തിയെന്ന നിലയില്‍ പ്രചരണം നടത്താനാണ് ബിജെപിയുടെ നീക്കം.