ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.കേന്ദ്രത്തിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന.ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ ആര്.ബി.ഐ തലപ്പത്തുള്ളവര്‍ക്കും പ്രതിഷേധമുണ്ട്.അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ കാലാവധിയുണ്ടായിരിക്കെയാണ് ഉര്‍ജിത് പട്ടേല്‍ രാജിയ്ക്കൊരുങ്ങുന്നത്.
റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം പൊതുജനതാത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ബിഐയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്കാന് കഴിയും. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ബാങ്കിന്റെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നെന്നാണ് ബാങ്ക് മേധാവിയുടെ പരാതി.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ പ്രസ്താവനയും ഊര്‍ജിത് പട്ടേലിനെ ചൊടിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളെ ‘സ്വതന്ത്രമായി വിഹരിയ്ക്കാന്‍ അനുവദിച്ച് മിണ്ടാതിരുന്ന’ ആര്‍ബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചതെന്നാണ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞത്.ആര്‍ബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ ആചാര്യ മുന്നറിയിപ്പ് നല്‍കിയത്.
തര്‍ക്കം പരിഹരിക്കാന്‍ മോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ ഇനി സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തന്നെയാണ് ഉര്‍ജിത് പട്ടേലിന്റെ തീരുമാനമെന്നും ആര്.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.