തിരുവനന്തപുരം:കേരളം വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും അതിനായി മതനിരപേക്ഷ ചിന്താഗതിക്കാരും നവോത്ഥാന മൂല്യങ്ങള്‍  സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവരും അണിനിരക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ സമുദായ സംഘടനകളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ മിക്കവാറും സമുദായ സംഘടന പ്രതിനിധികള്‍ പിന്തുണച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക,നവോത്ഥാന സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.ഞാനെന്ന ഭാവം എന്‍എസ്എസ് ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതകളെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സംസ്ഥാനത്ത് നടപ്പാക്കണം എന്ന് പ്രധാനപ്പെട്ട സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരന്നുകൊണ്ടുള്ള വനിത മതില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാകില്ല എന്ന പ്രഖ്യാപനമാണ് വനിതാ മതില്‍.പരിപാടി വിജയിക്കുന്നതിനായി നിലവില്‍ പങ്കെടുക്കുത്തവരേയും കൂടുതല്‍ പേരെയും ചേര്‍ത്തുകൊണ്ട് ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനമായി.വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
വിദ്യാസാഗര്‍,വി രാഘവന്‍ (വൈസ് ചെയര്‍മാന്മാര്‍) സി ആര്‍ ദേവദാസ്, സി പി സുഗതന്‍, ഇ എന്‍ ശങ്കരന്‍ (ജോ. കണ്‍വീനര്‍മാര്‍), സോമപ്രസാദ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാകും.കെ. രാമഭദ്രന്‍, പി.കെ.സജീവ്, രാജേന്ദ്ര പ്രസാദ്, എന്‍ കെ നീലകണ്ഠന്‍, എം വി ജയപ്രകാശ്, അഡ്വ. കെ ആര്‍ സുരേന്ദ്രന്‍, കരിംപുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാ ദേവി, ടി പി കുഞ്ഞുമോന്‍, എ കെ സുരേഷ് എന്നിവര്‍ എക്്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്.