കോട്ടയം:കേരളകോണ്‍ഗ്രസ് പിളര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് ശ്രമം.നാളെ ജോസ് കെ മാണിയുമായി യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തും. തിരുവനന്തപുരത്തുവെച്ചാണ് ചര്‍ച്ച. പാലാ ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ ഒരുമിച്ച് നിന്നാലേ തെരഞ്ഞെടുപ്പിന് നേട്ടമുണ്ടാക്കാനാവൂ എന്നതുകൊണ്ടു തന്നെയാണ് നേതാക്കള്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് ശ്രമം.യുഡിഎഫ് ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സമവായത്തിനു ശ്രമിക്കാമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു.
അതേസമയം പാര്‍ട്ടിയിലെ പോഷകസംഘടനകളും ഒന്നൊന്നായി പിളരുകയാണ്.പാര്‍ട്ടിയിലെ യുവജനവിഭാഗം പിളര്‍ന്നതിനു പിന്നാലെ വനിതാ വിഭാഗവും പിളര്‍ന്നു.അധ്യക്ഷ ഷീലാ സ്റ്റീഫന്‍ പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പി.ജെ ജോസഫ് മാറ്റി.വിക്ടര്‍ തോമസിനെ പ്രസിഡന്റാക്കി.
തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്.എന്നാല്‍ ചിഹ്നത്തിന്റെ കാര്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.