തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ചെലവു ചുരുക്കലിന്റെ പേരുപറഞ്ഞാണ് സംസ്ഥാനത്ത് ആകെയുള്ള അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം നിര്‍ത്തലാക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍, തിരുവനന്തപുരം റീജിയണല്‍ ഓഫീസുകളോട് ചേര്‍ക്കുവാനാണ് ശ്രമം. ഇത് ഇ.എസ്.ഐ പദ്ധതിവഴി ചികില്‍സ തേടുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ഗുരുതരമായി ബാധിക്കും. മലബാര്‍ മേഖലയിലെ ഏക റീജിയണണല്‍ ഓഫീസാണ് കോഴിക്കോട് ഉള്ളത്. തൊഴിലാളികള്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസ വിഹിതമടച്ചാണ് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നത്.
ഇ.എസ്.ഐ പദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും പകരം സമീപ കാലയളവില്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള സംവിധാനം ഇ.എസ്.ഐ കോര്‍പ്പറേഷനാണ് നല്‍കിവന്നിരുന്നത്. ഈ ചികിത്സയുടെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ കോര്‍പ്പറേഷന്‍ ഏകപക്ഷീയമായി ഭേദഗതി കൊണ്ടുവന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ചികിത്സാ ചെലവ് ഇനിമുതല്‍ കോര്‍പ്പറേഷന്‍ വഹിക്കില്ല. 18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നതിന് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും അതിനായി 162 തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അവ ആരംഭിക്കുന്നതിന് കോര്‍പ്പറേഷന്‍ ഇപ്പോള്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.
കൊല്ലം ജില്ലയില്‍ കശുവണ്ടി മേഖലയിലടക്കം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇ.എസ്.ഐ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കണമെന്നും ഇ.എസ്.ഐ ഗുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന നിലപാടുകളില്‍ നിന്നും പിന്തിരിയണമെന്നും ഇ.എസ്.ഐ കോര്‍പ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു.