തിരുവനന്തപുരം: കേരളത്തില്‍ കലാപങ്ങള്‍ക്ക് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സംഘപരിവാര്‍ അക്രമം പോലിസ് നോക്കി നില്‍ക്കുകയാണ്.ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം.മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനം ആസൂത്രിതമാണ്.ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെല്‍ പ്രവര്‍ത്തിക്കുന്നു. വനിതാ മതിലില്‍ പങ്കെടുത്തത് 12 ലക്ഷം പേര്‍ മാത്രമാണെന്നും മതിലില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ഈ മാസം 12 ന് വിവേകാനന്ദ പ്രതിമക്കു മുന്നില്‍ യുഡിഎഫ് ഉപവാസം നടത്തുകയും 23 ന് സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും വളയുമെന്നും ചെന്നിത്തല പറഞ്ഞു.