കൊച്ചി:കേരളത്തില്‍ കൊച്ചിയിലടക്കം ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഇന്നലെ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ഐഎസ് ബന്ധമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
കേരളത്തില്‍ പുതുവല്‍സരാഘോഷത്തിനിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും റിയാസ് വെളിപ്പെടുത്തി. വിനോദ സഞ്ചാരികള്‍ വിദേശികളും ഏറ്റവുമധികം എത്തുന്ന കൊച്ചിയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമാണ് നിര്‍ദ്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടേതായിരുന്നു നിര്‍ദ്ദേശം. ചാവേര്‍ ആക്രമണത്തിന് കൂടെയുള്ളവര്‍ പിന്‍തുണ നല്‍കിയില്ലെന്നും എന്നാല്‍ താന്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നെന്നും റിയാസ് വെളിപ്പെടുത്തി.
കഴിഞ്ഞദിവസം കാസര്‍കോഡ് സ്വദേശികളായ രണ്ടുപേരുടെ വീടുകളിലും റിയാസിന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോഡ് സ്വദേശികളെ ചോദ്യം ചെയ്തു വരികയാണ് .ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തിത്തിലാണ് എന്‍ഐഎ കേരളത്തിലും അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലായവര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് എന്‍ഐഎ പറയുന്നു.എന്നാല്‍ ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്ന് എന്‍ഐഎ പറഞ്ഞു.മാത്രമല്ല ഐഎസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കേരളത്തില്‍ നിന്ന് ആളുകളെ അയച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു.
റിയാസിനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.