ശബരിമല യുവതി പ്രവേശന വിവാദം  കത്തിനിൽക്കുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ .ശബരിമലയും അയ്യപ്പഭക്തരെയും വച്ച് രാഷ്ട്രീയം കളിക്കുന്നവർ ഉദ്ദേശിച്ചത് നടന്നു .ഈ വിവാദങ്ങൾ സമൂഹത്തിൽ വരുത്തിയ ദോഷകരമായ  മാറ്റങ്ങൾ ചില്ലറയല്ല എന്നതാണ് സത്യം .ഹിന്ദു സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും പുലർത്തിയിരുന്ന സഹിഷ്ണത ഇല്ലാതാക്കി ,ഹിന്ദു സമൂഹത്തെ ജാതീയമായി  വിഭജിക്കാനും വ്യക്തമായ  ശ്രമങ്ങൾ ഉണ്ടായി.തീയിൽ വീണ ഈയാംപാറ്റകളെ  പോലെ ജനം ആ കെണിയിൽ വീണു .

2018 സെപ്റ്റംബർ 28 നു സുപ്രീം കോടതി കേരളത്തിന്റെ ഗതി മാറ്റിമറിച്ച വിധി പുറപ്പെടുവിക്കുന്നു ,ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ആ വിധി മുഖ്യമന്ത്രി പിണറായി വിജയനും ബി ജെ പിയും ആഹ്ലാദത്തോടെ കൊണ്ടാടി .

വിധി വന്നതും അത് മുതെലെടുക്കാൻ ആദ്യം ഓടി വന്നത് മുഖ്യമന്ത്രി തന്നെയാണ് .സുപ്രീം  കോടതി വിധി അനുസരിക്കുമെന്നും അത് നടപ്പാകും എന്നും പിണറായി വിജയൻ പ്രഖ്യാപിച്ചത് ഹിന്ദു മതത്തെ രാഷ്ട്രീയമായി വിറ്റു ജീവിക്കുന്നവർക്ക് മുതെലെടുക്കാൻ പര്യാപ്തമായ ആയുധമായി .

നിരീശ്വരവാദം പറയുന്ന കമ്മ്യൂണിസ്റ് മുഖ്യമന്ത്രി  അതിപ്രശസ്തമായ ഹൈന്ദവ തീർത്ഥാടനകേന്ദ്രത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ശരാശരി ഹൈന്ദവന്  ദഹിച്ചില്ല .അവസരം തിരിച്ചറിഞ്ഞ ബി ജെ പി അനുകൂല സംഘടനകൾ കളത്തിലിറങ്ങി .2006 മുതൽ 2018 വരെയുള്ള ദീർഘകാലം  സുപ്രീംകോടതിയിൽ ശബരിമലയിലെ യുവതീ പ്രവേശന വിഷയം നീണ്ടു എന്നാൽ ആ കാലഘട്ടത്തിലൊന്നും തന്നെ തങ്ങളുടെ വിയോജിപ്പോ നിലപാടോ അറിയിക്കാതെ , കേസിൽ കക്ഷി ചേരാതെയിരുന്ന ബി ജെ പിയാണ് ഇപ്പോൾ  ഹിന്ദുക്കളെയും അയ്യപ്പഭക്തരെയും  പ്രതിനിധീകരിച്ചിറങ്ങിയിരിക്കുന്നത്‌.

മുഖ്യമന്ത്രിയാകട്ടെ  ശബരിമലയിലെ യുവതി പ്രവേശന വിഷയം  ഉപയോഗിച്ച് തന്റെ മറ്റു ഭരണവീഴ്ചകളെയെല്ലാം മൂടിവയ്ക്കാൻ ഉപയോഗിക്കുന്നു.പ്രളയക്കെടുതിക്കുശേഷമുള്ള  പുനർ നിർമ്മാണവും എന്തിന്, ശബരിമലയിൽ പോലും  ഭക്തർക്ക്  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും സർക്കാർ  പരാജയപ്പെട്ടു . വാർത്താ മാധ്യമങ്ങളും ജനങ്ങളും ശബരിമല വിവാദത്തിൽ ചുറ്റിത്തിരിയുമ്പോൾ മുഖ്യമന്ത്രി ചിരിക്കുന്നു .ഒരു സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നു യുവമോർച്ചയുടെ യോഗത്തിൽ പ്രസംഗിച്ചു കൊണ്ട് ശ്രീധരൻപിള്ളയും ഹിന്ദുക്കളെ സഹായിക്കാനിറങ്ങി . 

തുടർന്ന് കർമസമിതിയുടെ ശബരിമല സംരക്ഷണ ജ്യോതിയും എൽ ഡി എഫിന്റെ വനിതാ മതിലും രൂപം കൊള്ളുന്നു .സമൂഹത്തെ വ്യക്തമായി പലതായി വിഭജിക്കലായി ഈ പരിപാടികളുടെ ബാക്കിപത്രം .ബ്രാഹ്മണ -ക്ഷത്രിയ -നായന്മാർ  മതിലിൽ നിന്നും പിൻവലിഞ്ഞപ്പോൾ ഈഴവരും, പുലയ മഹാസഭയും ,അരയസഭ  ,ആദിവാസിഗോത്രങ്ങളും ഉൾപ്പെടുന്ന പിന്നോക്കക്കാർ എൽ ഡി എഫിനൊപ്പം അണിനിരന്നു .

കോൺഗ്രസിനെ അപ്രസക്തമാക്കി എൽ ഡി എഫും ബി ജെ പിയും നേർക്കുനേരെപോരുതുന്ന സാഹചര്യം രാഷ്ട്രീയമായി ഇടതുപക്ഷത്തിന്  നേട്ടമുണ്ടാകും എന്ന് സി പി എം കരുതുന്നു . അങ്ങനെ വന്നാൽ ഭാവിയിൽ ന്യുനപക്ഷവിഭാഗങ്ങൾ ഇടതുപക്ഷത്തിനുകീഴിൽ അണിനിരക്കും എന്നും വിലയിരുത്തപ്പെടുന്നു .

അയ്യപ്പഭക്തർക്കു മാത്രമല്ല ഹിന്ദു സമൂഹത്തിനാകെ മാനക്കേടുണ്ടാക്കുന്നതരത്തിലുള്ള അക്രമസംഭവങ്ങൾ അയ്യപ്പഭക്തരെ പ്രതിനിധീകരിച്ചു സമരരംഗത്തിറങ്ങിയവരിൽ നിന്നും ഉണ്ടായി .ശബരിമല ഭഗവൽ സന്നിധിയിൽ വച്ച് പോലും അൻപതുകഴിഞ്ഞ സ്ത്രീയുടെ തലയ്ക്കു നേരെ തേങ്ങാ എറിയുന്ന തരം സമരമുറ നാമെല്ലാം കണ്ടു.തുടർച്ചയായി അക്രമം നിറഞ്ഞ  ഹർത്താലുകൾ കേരളം കണ്ടു .ഈ മാസം 3നു നടന്ന ഹർത്താലിൽ നഷ്ടം ഒന്നരക്കോടിയായി കണക്കാക്കപ്പെടുന്നു , എൺപതോളം ബസുകൾ തകർന്നു . ശബരിമലയിൽ രണ്ടു യുവതികൾ അയ്യപ്പദർശനം നടിത്തിയതാണ് ഹർത്താലിനുള്ള കാരണം ,ഇക്കണ്ട നാശമൊക്കെ വരുത്തിയത് സ്വാഭാവിക ജനരോഷമൊന്നുമല്ല അയ്യപ്പൻറെ പേരിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയതുതന്നെയാണ് ,തങ്ങൾ ചെയ്യുന്നത് ശരിയല്ല  എന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് ദൃശ്യമാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ചിത്രീകരണം തടഞ്ഞതും .

അയ്യപ്പസ്വാമിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരിൽ നിന്നും കേരളത്തെ അയ്യപ്പസ്വാമി തന്നെ രക്ഷിക്കട്ടെ .