കൊച്ചി:കൊച്ചിയിലെ ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച്. വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പണം നല്‍കിയത് അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരില്‍ നിന്നാണ് ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്.ആക്രമണം നടത്തിയതിന് ശേഷം ഇവര്‍ പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്.പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ത്തത്.ഇതിനുപിന്നാലെ രവി പൂജാരി ഒരു ചാനലിന്റെ ഓഫീസിലേക്കു വിളിച്ച് സംഭവത്തിന് പിന്നില്‍ താനാണെന്ന് അവകാശപ്പെടുകയായിരുന്നു.