കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.കേസിലെ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.അതേ സമയം മകന് മര്‍ദ്ദനമേറ്റെന്ന പരാതി ഒത്തു തീര്‍ക്കാന്‍ തെക്കുംഭാഗം പൊലീസ് ശ്രമിച്ചെന്ന് രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണപിള്ള ആരോപിച്ചു.
ഫെബ്രുവരി 14 നാണ് രഞ്ജിത്തിനെ വീട്ടില്‍ക്കയറി ഒരു സംഘം മര്‍ദിച്ചത്.ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു.തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ രഞ്ജിത്ത് ബോധം കെട്ടുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെനെത്തി കുടുംബം പരാതി നല്‍കിയിരുന്നു.എന്നാല്‍ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും പിന്നീട് ഒത്തു തീര്‍പ്പിനായി ഇരു കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഒത്തുതീര്‍പ്പിന് പോയില്ലെന്നും രഞ്ജിത്തിന്റെ അച്ഛന്‍ പറഞ്ഞു.