സൂറിച്ച്: ക്രിക്കറ്റ് ഒളിംപിക്സില്‍ ഉൾപ്പെടുത്തണം എന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്മാൻ വിരേന്ദര്‍ സെവാഗ്. ഇന്ത്യക്ക് ഒളിംപിക്സില്‍ സ്വര്‍ണ്ണം ലഭിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉൾപ്പെടുതുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ഒളിംപിക്സ് മത്സരയിനമാകുന്ന നിലയിലേക്ക് ക്രിക്കറ്റ് വളരണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനായി കൂടുതല്‍ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ സജീവമായി രംഗത്ത് വരേണ്ടതുണ്ടെന്നും വീരു കൂട്ടിച്ചേർത്തു. നിലവില്‍ 105 അംഗരാജ്യങ്ങള്‍ ഐസിസിയിലുണ്ടെങ്കിലും 12 രാജ്യങ്ങള്‍ മാത്രമാണ് പൂര്‍ണ്ണസമയ അംഗങ്ങള്‍. അതേസമയം ക്രിക്കറ്റിനെ 2024 ഒളിംപിക്സില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുന്നുണ്ട്.
ഫെബ്രുവരി എട്ട്, ഒന്‍പത് ദിവസങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ഐസ് ക്രിക്കറ്റില്‍ മുന്‍ താരങ്ങളോടൊപ്പം പങ്കെടുക്കുമെന്നും വീരു വ്യക്തമാക്കി. ഐസിസിയുടെ സഹകരണത്തോടെയാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഐസ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. മുന്‍ താരങ്ങളായ ജയവര്‍ദ്ധന, വെട്ടോറി, ഗ്രയാം സ്മിത്ത്, അക്തര്‍ തുടങ്ങിയര്‍ പങ്കെടുക്കും.