അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍.വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. ഇതിന് പുറകേ ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തുകയും ഗോഡ്‌സെക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
അതേസമയം പൂജ ശകുന്‍ പാണ്ഡെയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കാണിച്ച് ഹിന്ദു മഹാസഭ പൊലീസിന് കത്ത് നല്‍കിയെന്നാണ് വിവരം.