തിരുവനന്തപുരം: മുക്കത്ത് ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. യാതൊരു പ്രകോപനവുമില്ലാതെ സമരപന്തല്‍ അടിച്ചു തകര്‍ക്കുക, കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതക്കുക, വീട്ടിലിരിക്കുന്നവരെ മാരകമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങിയ ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തിയ പൊലീസ് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
മതിയായ നഷ്ടപരിഹാരം നല്‍കാതെ ഏകപക്ഷീയമായി ജനവാസ കേന്ദ്രങ്ങളില്‍ വാതക പൈപ്പ് ഇടുന്ന ഗെയില്‍ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സമാധാനപരമായി പ്രതിഷേധവികാരം ഉയര്‍ത്തിയ മുക്കത്തെയും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കുനേരെ നരനായാട്ട് നടത്തിയ പോലീസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 1962ലെ പെട്രോളിയം മിനറല്‍ പൈപ്പ് ലൈന്‍ ആക്ട്, 2013ലെ ‘ ദി റൈറ്റ് റ്റു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് ആക്റ്റ്’ എന്നീ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഗെയില്‍ അധികൃതരുടേത്. ഇതിനെതിരെ സമാധാനമായി പ്രതികരിച്ച ജനങ്ങളുടെ മേല്‍ സമാനതകളില്ലാത്ത അതിക്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ സമരപന്തല്‍ അടിച്ചു തകര്‍ക്കുക, കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതക്കുക, വീട്ടിലിരിക്കുന്നവരെ മാരകമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങിയ ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തിയ പോലീസ് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. വീട്ടിലിരുന്ന അഡ്വക്കറ്റ് ഇസ്മായില്‍ വാഫ, മുഹമ്മദ് നബീല്‍ എന്നിവരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
എന്തിനേറെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുമായി മുക്കം പോലീസ് സ്റ്റേഷനില്‍ ശ്രീ. എം ഐ ഷാനവാസ് എം പി ചര്‍ച്ച നടത്തുന്ന സന്ദര്‍ഭത്തില്‍ പോലും മുക്കം പോലീസ് സബ്ഇന്‍സ്പെക്ടറും കൂട്ടരും നടത്തിയ അക്രമങ്ങള്‍ പോലീസ് സേനയ്ക്ക് തന്നെ തീരാകളങ്കമാണ് വരുത്തിയിട്ടുള്ളത്. വഴിയിലൂടെ പോകുന്നവരെയും വിവിധ ഇടങ്ങളില്‍ ജോലിചെയ്യുന്നവരെയും മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയവര്‍, ടൂവീലര്‍ യാത്രക്കാര്‍ തുടങ്ങിയവരെ പോലും പൊലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കി. മഞ്ചേരി സബ്ജയിലില്‍ ഏറെപ്പേര്‍ ഇപ്പോഴുമുണ്ട്. ഒന്നിനുപിറകെ മറ്റൊന്നായി ജാമ്യം കിട്ടാതിരിക്കാന്‍ പുതിയ കേസുകളും അവരുടെ പേരിലെടുക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് അവിടെ നിലനില്‍ക്കുന്നത്.
പോലീസ് അതിക്രമത്തില്‍ പരിക്കേറ്റവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. ആശുപത്രിയിലേക്ക് പോയവരെ കേസില്‍ പ്രതികളാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പലരേയും വീണ്ടും മര്‍ദ്ദിച്ചു. കേസുകളില്‍ പ്രതികള്‍ ആകുമെന്ന് ഭയപ്പെട്ട് ഭൂരിപക്ഷം പേരും ആശുപത്രിയില്‍ പോകാതെ സ്വകാര്യ ചികിത്സയിലാണ്. ജനമര്‍ദ്ദകരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂര്‍ ദിവാന് സര് സി പിയുടെയുമൊക്കെ മനുഷ്യത്വരഹിതമായ ഭീകര അതിക്രമങ്ങള്‍ക്ക് സമാനമായ കൊടും പാതകമാണ് താങ്കള്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഈ സന്ദര്‍ഭത്തിലും ഉണ്ടായത്.
ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തുകയും കൊടിയ പോലീസ് അതിക്രമങ്ങള്‍ക്ക് വിധേയരാകുകയും ചെയ്ത എ.കെ.ജിയെ പോലുള്ള നേതാക്കള്‍ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ താങ്കള്‍ പോലീസിനെ കൈകാര്യം ചെയ്യുമ്പോഴാണ് ജീവിക്കാന്‍ വേണ്ടി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് നേരെയുള്ള ഈ കടന്നാക്രമണം ഉണ്ടായത് എന്നത് താങ്കള്‍ക്കും സര്‍ക്കാരിനും അപമാനകരമാണ്.
ഗെയില്‍ അധികൃതരും അവരുടെ കോണ്ട്രാക്ടര്മാരുടെ വക്താക്കളും പോലീസ് അധികൃതരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ ദുരന്തം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. പരിഷ്കൃത സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഈ കാട്ടാള ചെയ്തികള്‍ക്ക് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടികളും വകുപ്പ്തല നടപടികളും സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.