ദില്ലി: ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ രാജ്യമൊന്നടങ്കം ചരിത്ര മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ്. പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് തത്സമയം കാണാന്‍ ഇസ്‌റോ ആസ്ഥാനത്തെത്തും.
ജൂലൈ 22-നു പുറപ്പെട്ട് 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലെത്തുന്നത്.ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റാണ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍ 2 നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. സോഫ്റ്റ് ലാന്‍ഡിങ് സങ്കീര്‍ണമായ പ്രക്രിയയാണെന്നും അവസാനത്തെ 15 മിനുട്ടുകള്‍ അതീവനിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. കെ ശിവന്‍ പറഞ്ഞു.