ആലപ്പാട്:കരിമണല്‍ ഖനനത്തിനെതിരെ ഒരു നാടിന്റെ പ്രതിഷേധ ഭൂമിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നേതാക്കളുടെ സന്ദര്‍ശനം.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,വിഎം സുധീരന്‍ എന്നിവരാണ് ആലപ്പാട് ഗ്രാമത്തിലെത്തിയത്. ഖനനപ്രദേശം സന്ദര്‍ശിച്ച ചെന്നിത്തല സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.സന്ദര്‍ശനത്തിനിടെ ഐ.ആര്‍.ഇ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഖനനം നിര്‍ത്തിയാല്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നു പറഞ്ഞാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്.എന്നാല്‍ ഖനനം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടുമായി സമരക്കാരും നിലയുറപ്പിച്ചു.
ആലപ്പാട്ടിലേത് വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമര സമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണം. ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന പിന്‍വലിച്ചു മന്ത്രി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു.ഇത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണ്.സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും സുധീരന്‍ വിമര്‍ശിച്ചു.