ചെന്നൈ:പിഞ്ചുകുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞ് കൊന്ന് പെറ്റമ്മയുടെ ക്രൂരത. ചെന്നൈ വേളച്ചേരിയിലാണ് സംഭവം.കൊലപാതകം നടത്തിയ വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ വിക്കണ്ണയുടെ ഭാര്യ ഉമ(27) അറസ്റ്റിലായി.കുഞ്ഞിനെ തടാകത്തില്‍ എറിഞ്ഞ ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് ഇവര്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു പരാതി.
വേളാച്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ വേലുവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചത്.തുടര്‍ന്ന് സ്ഥലത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി.ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് ഉമയാണെന്ന് തിരിച്ചറിയുകയായിരുന്നു.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഉമ കുറ്റം സമ്മതിച്ചു.
മുലപ്പാല്‍ നല്കുമ്പോള് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്കുമ്പോള് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു.ഇക്കാര്യം ഭര്‍ത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും കാര്യമായി എടുത്തില്ല.അതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ സമീപത്തെ തടാകത്തില്‍ കുഞ്ഞിനെ എറിയുകയായിരുന്നു.തിരിച്ചുവന്ന ഇവര്‍ പിന്നീട് എല്ലാവര്‍ക്കുമൊപ്പം കുട്ടിയെ തിരയാനും പോയിരുന്നു.ഉമയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.