തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് തർക്ക ഭൂമിയാണ് എന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് .
ഈ രാജ്യത്തെ ഒരു കോടതിയിലും ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥതയും ആയി ബന്ധപ്പെട്ട ഒരു കേസുപോലും നിലവിലില്ല. രാജ്യത്തിന്റെ പരമോന്നത നീതിപീഠവും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും വിധികളിലൂടെ അത് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.സഭ വിശ്വാസികൾ വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല, ചെറുവള്ളി എസ്റ്റേറ്റ് സഭയുടെ ഭൂമിയാണ് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ഏതു വികസന പ്രവർത്തനത്തെയും സഭയും വിശ്വാസി സമൂഹവും സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു.
സഭാ വക്താവ് റവ.ഫാദർ സിജോ പന്തപള്ളിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതുമായി സംബന്ധിച്ചു മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടു.
സർക്കാരിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു അറിവും സഭക്ക് ഈ നിമിഷം വരെ ഇല്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലെ ഒരു പിശക് ചൂണ്ടികാണിക്കുവാൻ ആഗ്രഹിക്കുന്നു.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു ഒരു കേസും ഒരു കോടതിയിലും ഇല്ല. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും, പരമോന്നത നീതിപീഠവുമായ സുപ്രീംകോടതിയും നിലവിലുള്ള കേസുകൾക്ക് തീർപ്പു കല്പിച്ചിട്ടുള്ളതാണ്. സർക്കാരിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം ബഹുമാനപെട്ട നീതിപീഠങ്ങൾ തള്ളിക്കളഞ്ഞതാണ്.
ഉടമസ്ഥാവകാശം സംബന്ധിച്ചു കേസുകൾ നിലവിൽ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവെച്ചു സ്ഥലം ഏറ്റടുക്കുക എന്ന നടപടിക്കുള്ള നിയമ സാധുത തള്ളിക്കളയേണ്ടിയിരിക്കുന്നു.
കോടതിയിൽ പണം കെട്ടിവെക്കാൻ ആലോചിക്കുന്നു എന്നുള്ളത് യാഥാർഥ്യമെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്നമായ അംഗീകാരം കൂടിയാണ്.
സഭ സർക്കാരിനോ, വികസന പ്രവർത്തനങ്ങൾക്കോ ഒരിക്കലും എതിരല്ല. സഭയുടെ എസ്റ്റേറ്റ് നിയമപരമായി വാങ്ങിയതാണെന്നും അതിന്റെ ഉടമസ്ഥാവകാശം സഭക്കാണെന്നും രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾ പറഞ്ഞത് ഉൾക്കൊണ്ടു കൊണ്ടുള്ള ഏതു പ്രവർത്തനത്തിനും സഭയുടെ സഹകരണം ഉണ്ടാകും
സർക്കാരിന്റെ മുൻപോട്ടുള്ള നടപടി ക്രമങ്ങളുടെ ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ചു പരിശുദ്ധ സഭാ സിനഡ് ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. – Fr. Sijo Pandapallil