ശ്രീനഗര്‍:ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് മൈസുമയിലെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരത്തെ പിന്‍വലിച്ചിരുന്നു. ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് മാത്രമേ സ്വത്തുക്കളില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.