തിരുവനന്തപുരം:കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലിസയ്‌ക്കൊപ്പം എത്തിയ സുഹൃത്ത് തിരിച്ചുപോയതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കുമെന്നാണറിയുന്നത്. അമൃതാനന്ദമയി മഠത്തിലേക്ക് പോകാനെത്തിയ യുവതി അവിടെ ചെന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ താമസിച്ചിരുന്നതെവിടെയെന്ന് സൂചനകളൊന്നും കിട്ടിയിട്ടില്ല. ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് ആണ് ലിസ യുകെ പൗരനായ സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയത്.മാര്‍ച്ച് 10ന് ലിസ അമ്മയ്ക്ക് സന്ദേശമയച്ചതായി പറയപ്പെടുന്നു.തുടര്‍ന്ന് മകളുടെ വിവരമില്ലെന്നു കാട്ടി ലിസയുടെ അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കുകയായിരുന്നു. ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
ലിസയ്‌ക്കൊപ്പമെത്തിയ സുഹൃത്ത് മാര്‍ച്ച് 10ന് തിരികെ പോയി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.