ചേര്‍ത്തല:ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങിനിടെ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം.ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്ത് വച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിശ്വാസികളെന്ന പേരില്‍ ഒരു സംഘം അനുപമയ്ക്കെതിരെ പ്രതിഷേധിച്ചത്.
മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമ പള്ളിമുറ്റത്ത് വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത്.പള്ളിയുടെ ഗേറ്റിന് മുന്നില്‍ വച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തതോടെ സിസ്റ്റര്‍ അനുപമ കരഞ്ഞുകൊണ്ട് ഇവിടെ നിന്നും മടങ്ങുകയായിരുന്നു.
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ കുര്യാക്കോസ് കാട്ടുതറയെ  ജലന്ധറില്‍ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വൈദികന്റെ ബന്ധുക്കള്‍ മരണത്തില്‍ സംശയിച്ച് രംഗത്തെത്തിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തില്‍ സജീവമായി പങ്കെടുത്ത ആളാണ് സിസ്റ്റര്‍ അനുപമ.