ന്യൂഡല്‍ഹി:സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍,ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു.
മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്.ദൈവനാമത്തിലായിരുന്നു ജസ്റ്റിസ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്.4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ.എം.ജോസഫിന് സേവനമനുഷ്ഠിക്കാനാകും.7 മാസം കൊളീജിയം അംഗമായും പ്രവര്‍ത്തിക്കാം.ജസ്റ്റിസ് കെ.എം. ജോസഫ് 2023 ജൂണ്‍ 16-ന് വിരമിക്കും.ജസ്റ്റിസ് ഇന്ദിര ബാനര്‍ജി 2022 സെപ്റ്റംബര്‍ 23-നും വിനീത് സരണ്‍ അതേവര്‍ഷം മേയ് പത്തിനും വിരമിക്കും. ഇന്ദിര ബാനര്‍ജി,വിനീത് സരണ്‍ എന്നിവര്‍ക്ക് താഴെയാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ സീനിയോറിറ്റി.മറ്റു രണ്ടുപേരെയും ശുപാര്‍ശ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്,ജസ്റ്റിസ് ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കിയ കേന്ദ്രസര്‍ക്കാര്‍ കെ.എം.ജോസഫിന്റെ ശുപാര്‍ശ മടക്കുകയായിരുന്നു.തുടര്‍ന്ന് സംഭവം വിവാദമായി.രണ്ടാംതവണയും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തതോടെയാണ് നിവൃത്തിയില്ലാതെ കേന്ദ്രം അംഗീകാരം നല്‍കിയത്.
എന്നാല്‍ ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി പ്രശ്നത്തില്‍ കേന്ദ്രം എടുത്ത നിലപാടിലുള്ള പ്രതിഷേധം അവസാനിക്കില്ലെന്ന സൂചനകളാണുള്ളത്.കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത് ഇന്ന് കോടതിയുടെ ചരിത്രത്തിലെ കറുത്തദിനമെന്നാണ്.