തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേല്‍ പോലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ മറ്റ് മൂന്നു പേര്‍ക്കെതിരേയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്്. പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്.

അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സിപിഐഎം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബിജെപി അംഗങ്ങള്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരസഭയില്‍ സിപിഐഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തേയും കൈയാങ്കളിയേയും തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ മേയര്‍ പ്രശാന്ത് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയറെ ആക്രമിച്ചകേസില്‍ പൊലീസ് ബിജെപി കൗണ്‍സിലര്‍മാരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. നഗരസഭയില്‍ എംപി ഫണ്ടില്‍ നിന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ സിപിഐഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. എംപി ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കേണ്ടതില്ലെന്ന് മേയറും വ്യക്തമാക്കി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ക്കെതിരേ ബിജെപി കൗണ്‍സിലര്‍ ജാതിപ്പേര് വിളിച്ചുവെന്ന പരാതി നല്‍കിയത്. ആശുപത്രിയിലായിരുന്ന മേയര്‍ പ്രശാന്ത് ഇന്ന് ആശുപത്രി വിട്ടിരുന്നു.