കൊച്ചി: സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി നികുതി വരുമാനത്തില്‍ വീണ്ടും കുറവ്. പ്രചരണങ്ങള്‍ ഏറെ നടത്തിയിട്ടും ജിഎസ്ടി വഴിയുള്ള വരുമാനത്തില്‍ വന്‍ കുറവാണ് ഈ മാസം വന്നിരിക്കുന്നത്. ചെറുകിട വ്യാപാരമേഖലയില്‍ നിന്ന് വന്നിരിക്കുന്ന തിരിച്ചടിയാണ് നികുതി വരുമാനത്തിലെ ഗണ്യമായ കുറവിന് കാരണം. ഉത്പാദന മേഖലയിലെ മാന്ദ്യം മാറാത്തതും കുറവിന് കാരണമായി.
കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 90,669 കോടിയുടെ ചരക്ക് സേവന നികുതിയാണ് (ജിഎസ്ടി). ജൂലൈയില്‍ ലഭിച്ചത് 94,063 കോടി രൂപയായിരുന്നു. ബജറ്റ് വിഭാവനം ചെയ്ത 91,000 കോടി രൂപയേക്കാള്‍ താഴ്ന്നാണ് ഇപ്പോള്‍ നികുതി കലക്ഷന്‍ നില്‍ക്കുന്നത്. ഇത് വളര്‍ച്ചാനിരക്കിനെ സ്വാധീനിക്കും. ഈ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നികുതി അടയ്ക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസത്തെ കണക്കുകളില്‍ 64 ശതമാനം നികുതി അടച്ചിരുന്നെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ 55 ശതമാനം പേർ മാത്രമാണ് നികുതി നല്‍കിയിരിക്കുന്നത്.
ജൂലൈ മുതല്‍ ഓഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് 92,283 കോടി രൂപയാണ് ജിഎസ്ടി ശേഖരിച്ചത്. ഈ സ്ഥാനത്ത് സെപ്റ്റംബര്‍ 25 വരെ ലഭിച്ചത് 90,669 കോടി രൂപയാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ നേരിയ തോതിൽ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 വരെ 94,063 കോടി രൂപയാണ് അടച്ചത്. ഓഗസ്റ്റിൽ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തില്‍ 14,402 കോടി രൂപ പിരിഞ്ഞു കിട്ടി. സ്റ്റേറ്റ് ജിഎസ്ടിയില്‍ 21074 കോടി രൂപയും ഐ ജിഎസ്ടിയില്‍ 4737799 രൂപയുമാണ് ലഭിച്ചത്.
ഇറക്കുമതിയില്‍ നിന്ന് 23,180 കോടി രൂപയും നികുതിയിനത്തില്‍ ലഭിച്ചു. ജൂലൈയില്‍ 20,964 കോടി രൂപയായിരുന്നു ഈ ഇനത്തിലെ വരുമാനമെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഡംബര ഉത്പന്നങ്ങളുടെ സെസ് ഇനത്തില്‍ ഈ മാസം ലഭിച്ചിരിക്കുന്നത് 7823 കോടി രൂപയാണ്.