തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക രംഗത്തെ വിവിധ മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്ന ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള അവാര്‍ഡ് ഫുട്‌ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ജോസഫിന് ലഭിക്കും. ഫാ. പി.ടി.ജോയ് (െ്രെകസ് കോളേജ്, ഇരിങ്ങാലക്കുട), സ്‌കൂള്‍ തലത്തില്‍ എന്‍.എസ്. സിജിന്‍ (എച്ച്.എസ്. മുണ്ടൂര്‍) എന്നിവര്‍ക്ക് മികച്ച കായികാധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കും.

മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളേജിനുള്ള പുരസ്‌കാരം തലശ്ശേരി ബ്രണ്ണന്‍ കോളേജും മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ പി.ജെ.ജോസിനും മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം മുസ്തഫ അബൂബക്കറും (മാധ്യമം) മികച്ച കായിക പുസ്തകത്തിനുള്ള പുരസ്‌കാരം ജിജോ ജോര്‍ജിനു (വി.പി.സത്യനെക്കുറിച്ചുള്ള പുസ്തകം) ലഭിക്കും.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, കെ. എം.ബീനമോള്‍, പി.ജെ.ജോസഫ്, സായി ഡയറക്ടര്‍ ഡോ.ജി.കിഷോര്‍, മാധ്യമപ്രവര്‍ത്തകന്‍ എ.എന്‍.രവീന്ദ്രദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സജ്ജയന്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.