ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന് മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളില്‍ നിന്നും അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 7 ശനിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയായിരുന്നു ഷെറിന്. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് കഴിഞ്ഞവര്‍ഷം എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. എന്നാല്‍ അവ്യക്തമായ ഉത്തരങ്ങള്‍ വീട്ടുകാരെയും സംശയ നിഴലിലാക്കുന്നുണ്ട്.
പാല് കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പിന്നീട് കുഞ്ഞിനെ കാണാതാവുകയായിരുന്നുവെന്നുമാണ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞത്.
എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിനും എന്ുകൊണ്ട് പോലീസില്‍ വിവരമറിയിക്കാന്‍ താമസിച്ചുവെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ലെന്ന് റിച്ചാര്ഡ്സണ് പോലീസ് പറയുന്നു.