ദില്ലി:കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളിയുടെ പ്രതിഷേധം.ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന് ഹൗസിലെ മുറിക്ക് മുന്നില്‍ എത്തിയത്.കത്തിവീശി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്പ്പെടുത്തി ദില്ലി പൊലീസിന് കൈമാറി.ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.കേരളഹൗസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍. രാവിലെ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും എത്തി.കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെയാണ് സംഭവം.പോക്കറ്റില്‍ കത്തിയും കൈയ്യില്‍ ദേശീയപതാകയുമായി വിമല്‍രാജ് കേരളാഹൗസിലേക്ക് ഓടിക്കയറുകയായിരുന്നു.തൊഴില്‍പരമായ തന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയെ നാട്ടില്‍വച്ച് കാണാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനാലാണ് താന്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് വിമല്‍രാജ് പറയുന്നത്.