മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് കോടതി. പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.ഡിഎന്‍എ പരിശോധനയ്ക്കു തയ്യാറാണെന്ന് ബിനോയ് കോടിയേരി അറിയിച്ചു.
അതേസമയം ബിനോയ് കോടിയേരിക്കെതിരായി കൂടുതല്‍ തെളിവുകള്‍ പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചു.ബിനോയിയും കുട്ടിയും ഒരുമിച്ചുള്ള ഫോട്ടോകളാണ് ഹാജരാക്കിയത്.മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ച് ഇന്നു രാവിലെ മുംബൈ ഓഷിവാരാ പോലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് കോടിയേരി ഇന്നും ഡിഎന്‍എ പരിശോനയ്ക്ക് തയ്യാറാവാതെ മടങ്ങുകയായിരുന്നു. പീഡന പരാതിയിലെ എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചിരുന്നു.ആദ്യം പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്‌നം പറഞ്ഞ് ഒഴിവാകുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ തീരുമാനം വന്നിട്ടാകാമെന്നായിരുന്നു ബിനോയിയുടെ നിലപാട്. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താതിരിക്കാനുള്ള ബിനോയിയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായാണ് കോടതി വിധി.