പട്‌ന: ബിഹാറിലെ പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലി( പി എം സി എച്ച്)ല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 15 രോഗികള്‍ മരിച്ചു. ആശുപത്രിയിലെത്തിച്ച ഉടന്‍ മരണമടഞ്ഞ ഒരു രോഗിയുടെ ബന്ധുക്കള്‍ ചില ഡോക്ടര്‍മാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഡോക്ടര്‍മാരെ ആക്രമിച്ച രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാറാണ് സമരത്തിനിറങ്ങിയത്.

ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സമരത്തെ തുടര്‍ന്ന് ഇതുവരെ 36 ശസ്ത്രക്രിയകളാണ് മാറ്റിവച്ചിട്ടുള്ളത്.