തിരുവനന്തപുരം: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡിന് പുനര്‍നവ ആയുര്‍വേദ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ മെഡിസിന്‍ ശാഖകളില്‍ ദേശീയ തലത്തില്‍ മികവ് പുലര്‍ത്തുന്ന അദ്ധ്യാപകര്‍ക്കാണ് ആചാര്യ അവാര്‍ഡ് നല്കുന്നത്.
സംസ്ഥാന ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറും തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളജിന്റെ പ്രിന്‍സിപ്പാളുമായിരുന്നു. കായചികിത്സാ വിദഗ്ധനായ ഡോ. വാസുദേവന്‍ നമ്പൂതിരി, ആയൂഷിന്റെ സ്‌റ്റേററ് പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കായചികിത്സയിലും പഞ്ചകര്‍മ്മയിലും അറുപതിലധികം ബിരുദാനന്തര ബിരുദ തീസിസുകളുടെ ഗൈഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ലോവേനിയ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലെ ലോക ആയുര്‍വേദ സമ്മേളനങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അനാറ്റമി വിഭാഗം പ്രഫസര്‍ ഡോ. സാവിത്രി കൃഷ്ണനാണ് ഭാര്യ.