ഡൽഹി :ആം ആദ്മി പാർട്ടിയും ബി ജെ പിയും തമ്മിലാണ് പ്രധാന  പോരാട്ടം.എഴുപതംഗ നിയമസഭയിൽ നടക്കുന്ന പോരാട്ടത്തിൽ വികസന വിഷയങ്ങളും ഭരണ നേട്ടങ്ങളും ഉയർത്തിയാണ് അരവിന്ദ കെജ്രിവാൾ എ എ പിയെ നയിക്കുന്നത് .ബി ജെ പിയാകട്ടെ പൗരത്വ ഭേദഗതി നിയമത്തെ ചുറ്റിപ്പറ്റി ഉണ്ടായ  വർഗ്ഗീയ ധ്രുവീകരണത്തിൽ വിശ്വാസമർപ്പിച്ചാണ് പ്രചാരണം നയിക്കുന്നത്.കോൺഗ്രസ്സാകട്ടെ ചിത്രത്തിലേയില്ല,ഏഴോ എട്ടോ ന്യുനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ്സ് പ്രതീക്ഷവച്ചിരുന്നു എങ്കിലും ഇപ്പോൾ വളരെ ചുരുക്കം ചില മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുള്ളത്.


വികസനമോ വർഗ്ഗീയതയോ ഏതിനെയാകും ദില്ലി നിവാസികൾ സ്വീകരിക്കുക .
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുടർഭരണത്തിനായി കെജ്രിവാൾ വോട്ടു തേടിയിരുന്നത് .ബി ജെ പിയാകട്ടെ വൻ റാലികളും   സംസ്ഥാനത്തുടനീളം പൊതുയോഗങ്ങളും സംഘടിപ്പിച്ചു .അമിത്ഷാ നേരിട്ടിറങ്ങി നടത്തിയ പ്രചാരണം വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചായിരുന്നു . ഷാഹീൻബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം മറ്റിടങ്ങളിൽ എങ്ങനെ തങ്ങൾക്കനുകൂലമാക്കാം എന്നായിരുന്നു  ബി ജെ പിയുടെ  പ്രചാരണ അജണ്ട . 

 കളത്തിന് പുറത്തായ കോൺഗ്രസ്
ഷീല ദീക്ഷിത് എന്ന നേതാവിന് പകരം വയ്ക്കാൻ ഒരു നേതാവിനെ കോൺഗ്രസിന് ഇനിയും  കണ്ടെത്താനായിട്ടില്ല .തലയെടുപ്പുള്ള ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ അഭാവം കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി  ബാധിച്ചതിൽ പ്രധാന  ഘടകമാണ് .കോൺഗ്രസിന് നൽകുന്ന വോട്ടുകൾ ബി ജെ പിക്ക് ഗുണമാകുന്ന രാഷ്ട്രീയ സാഹചര്യവും കോൺഗ്രെസ്സിനെയാണ് ബാധിക്കുന്നത്.ബി ജെ പി വിരുദ്ധ വോട്ടുകൾ, ന്യുനപക്ഷങ്ങൾ എന്നിവർ ആം ആദ്മി പാർട്ടിയിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ  അനുകൂല പ്രതികരണങ്ങളൊന്നും നടത്താതിരുന്നിട്ടു കൂടി ബി ജെ പി വിരുദ്ധ വോട്ടുകൾ കെജ്രിവാളിന്റെ പാർട്ടിയിലേക്ക് പോകുന്നത് .