മോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയോടെ എത്തുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ചിത്രത്തിന്റെ പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്നൊരു ചിത്രമായതുകൊണ്ട് തന്നെ മുന്‍വിധികള്‍ കുറച്ചധികമായിരിക്കും. എന്നാല്‍ ഇതൊരു തമാശ സിനിമയല്ല ഇമോഷണല്‍ സിനിമയാണെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരിക്കുകയാണ്.

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക് ആയി് അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇത്. ഒരുപാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണിത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളിലൊക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെയൊരു സിനിമയും വന്നിട്ടുണ്ട്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെക്കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളുമൊക്കെയാണ് ഇതിന്റെ പ്രമേയം. അതൊക്കെ വലിയൊരു ക്യാന്‍വാസിലൊരുങ്ങുന്നു. ഈ സിനിമ ഇന്ത്യന്‍ നേവിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷെ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരയ്ക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്നു പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷെ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരയ്ക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. 100 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന മരയ്ക്കാര്‍ ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.