ന്യൂഡല്‍ഹി : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള നടപടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തരംതാണ നാലാംകിട രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി.
റിപ്പോര്‍ട്ടിന്റെ മറവില്‍ നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തകര്‍ത്ത് ബി.ജെ.പിയെ വളര്‍ത്താനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ജ. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാതെ നടപടി മാത്രം പ്രഖ്യാപിച്ച തന്ത്രം എല്ലാ ജനാധിപത്യ വിശ്വാസികളും മനസിലാക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. റിപ്പോര്‍ട്ട് കൂടി പുറത്തു വിടാനുള്ള സാമാന്യമര്യാദ മുഖ്യമന്ത്രിക്ക് കാട്ടാമായിരുന്നു. റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താമെന്ന് കരുതേണ്ട.
കേരളത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തകര്‍ക്കാനും ബി.ജെ.പിയെ വളര്‍ത്താനുമാണ് സി.പി.എമ്മിന്റെ കുറേ കാലമായുള്ള അജണ്ട. കേരളം പങ്കിട്ടെടുക്കാനാണ് അക്രമത്തില്‍ വിശ്വസിക്കുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തന്ത്രം. കോണ്‍ഗ്രസ് അപ്രസക്തമാണെന്നും കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിനും ബി. ജെ. പിക്കും മാത്രമേ പ്രസക്തിയുള്ളൂ എന്നും വരുത്തി തീര്‍ക്കാനാണ് ശ്രമം. ഇങ്ങനെ മാര്‍ക്‌സിസ്റ്റ് മേധാവിത്വത്തിലേക്ക് കേരളത്തെ കൊണ്ടുവരാമെന്നാണ് കരുതുന്നത്. ഇതിന്റെ ഉദാഹരണമാണ് കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി. കുമ്മനത്തിന്റെ യാത്രയ്ക്ക് ഒരു പോറലുമേല്‍ക്കാതെ എല്ലാ സംരക്ഷണവും ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പാലക്കാട്ട് ആര്‍.എസ.്എസ് മേധാവി മോഹന്‍ ഭാഗ്‌വത് നിയമം ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച ജില്ലാ കളക്ടറെ സ്ഥലം മാറ്റുകയാണ് സി.പി.എം ചെയ്തത്. അതേസമയം പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആര്‍.എസ്.എസ് മേധാവിയുടെ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ കുറേ കാലമായി ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും നേതാക്കള്‍ പ്രകോപനപരവും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നില്ല.