കണ്ണൂര്‍:ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകനായ കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ അഖിലേഷ്, എം കലേഷ്, എം ലിജേഷ്, വിനേഷ്, പി കെ ഷൈജോഷ് എന്നിവരെ ശിക്ഷിച്ചത്. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴയായി 110000 രൂപയും അടയ്ക്കണം.
2008 മാര്‍ച്ച് ഏഴിനായിരുന്നു കൊലപാതകം.തലശ്ശേരി ഇല്ലത്ത് താഴയിലെ സൗപര്‍ണ്ണികയില്‍ കെ വി സുരേന്ദ്രനെ (62) സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് മാരകായുധങ്ങളുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതി വിജേഷ്, ഏഴാം പ്രതി ഷബിന്‍ എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു