താനൂര്‍: കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ച് വേറിട്ട ശിക്ഷ നല്‍കിയ താനൂര്‍ പോലീസ് വിവാദത്തില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ സിഐ സ്‌റ്റേഷനിലാണ് സംഭവം. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. സിഐ അലവി പ്രതികളെ അര്‍ധ നഗ്‌നരായി നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം. പോലീസ് സ്‌റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.

ഇത് ഒരു വര്‍ഷം മുമ്പ് നടന്ന സംഭവമാണെന്നും നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴേ അടിവസ്തരത്തിലായിരുന്നെന്നുമാണ് പോലീസിന്റെ വിശദീകരണം.