തിരുവനന്തപുരം:വിവിധ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മിന്നല്‍ സമരം നടത്തുന്നു. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം,കോഴിക്കോട്,കോട്ടയം ഡിപ്പോകളിലെ ജീവനക്കാര്‍ സമരം നടത്തുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതിനാല്‍ തിരുവനന്തപുരത്ത് സമരം പിന്‍വലിച്ചു.പെട്ടെന്നുണ്ടായ സമരം മൂലം യാത്രക്കാര്‍ ഏറെ വലഞ്ഞു.
തിരുവനന്തപുരം കെഎസ്ആര്‍ടിസി ഉപരോധ സമരത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി.കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്നായിരുന്നു സമരം.ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്.                                                              സമരത്തെതുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് എംഡി ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ കാണും.