ലോക് സഭാ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസ്സ് ,ബി ജെ പി പാർട്ടികളിൽ ഏറെക്കുറെ തീരുമാനമായി. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ അവരുടെ ഏറ്റവും വലിയ ആയുധത്തെ പരീക്ഷിക്കാനാണ് ബി ജെ പി തീരുമാനം.ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോൾ മിസ്സോറാം ഗവർണ്ണറുമായ കുമ്മനത്തെയാണ് തിരുവനന്തപുരത്ത് പാർട്ടി നിയോഗിക്കുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥി ഇപ്പോഴത്തെ എം പി ഡോ.ശശി തരൂർ തന്നെയാണ്. മൂന്നാമൂഴത്തിന് ഇറങ്ങുന്ന ശശിതരൂരിനെ ഈ അവസരത്തിൽ തോൽപ്പിക്കാനാകില്ല എന്നതാണ് ബി ജെ പി നേതൃത്വത്തിന്റെ പൊതു വിലയിരുത്തൽ.എം പി എന്ന നിലയിൽ തരൂരിന്റെ മികച്ച പ്രവർത്തനം, കഴിഞ്ഞ തവണ ഉണ്ടായിരുന്ന മോഡി തരംഗത്തിന്റെ അഭാവം എന്നിവയാണ് അത്തരം നിഗമനത്തിനു പിന്നിൽ. അതിനാൽ തിരുവനന്തപുരം ലോക് സഭയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം സെന്ട്രൽ നിയോജകമണ്ഡലത്തിൽ പ്രവർത്തനം കേന്ദ്രികരിക്കുക എന്നതാണ് ബി ജെ പി തന്ത്രം. ബി കെ ശേഖർ മത്സരിച്ചിരുന്ന കാലം മുതലെ ബി ജെ പി ക്ക് സ്വാധീനമുള്ള പഴയ  തിരുവനന്തപുരം ഈസ്റ്റാണ് ഇപ്പോഴത്തെ സെന്ട്രൽ. ശ്രീശാന്ത് പോലും ബി ജെ പിക്കായി മുപ്പത്താറായിരം വോട്ടു നേടിയ മണ്ഢലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ  വട്ടിയൂർക്കാവ്  ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോൺഗ്രസ്സിലെ കെ മുരളീധരനോട് പരാജയപ്പെട്ടപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം പറഞ്ഞു കുമ്മനം തിരുവനന്തപുരം സെന്ട്രലിൽ നിന്നിരുന്നു എങ്കിൽ ഉറപ്പായും ജയിക്കുമായിരിന്നു എന്ന്.ബി ജെ പിയുടെ പ്രതീക്ഷകൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്. അടുത്ത നിയമസഭാ ഇലക്ഷനിൽ ശിവകുമാർ-കുമ്മനം പോരാട്ട വേദിയാകും തിരുവനന്തപുരം സെന്ട്രൽ. ശിവകുമാർ രണ്ടും കല്പിച്ച് പോരാടുമെന്നും അതല്ലാ മണ്ഡലം മാറുമെന്നും അവ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ മണ്ഡല മാറ്റം അത്ര എളുപ്പമല്ല, നെയ്യാറ്റിന്‍കര സീറ്റിൽ ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ നെയ്യാറ്റിന്‍കര സനൽ മത്സരിക്കണം എന്നയാവശ്യത്തിന് ഇപ്പോഴേ മുൻതൂക്കമുണ്ട്. എന്തു തന്നെയായാലും ശക്തമായ പോരട്ടത്തിനാകും തിരുവനന്തപുരം വേദിയാകുക.