തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർഥി വി കെ പ്രശാന്തിനായി തയ്യാറാക്കിയ നവോത്ഥാനം വിഷയമായ പോസ്റ്റർ പിന്നീട് ഒട്ടിക്കേണ്ടതില്ലാ എന്ന് സി പി എം ബുദ്ധികേന്ദ്രങ്ങൾ തീരുമാനിക്കുകയായിരുന്നു.എന്നാൽ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പുറത്തിറക്കണമായിരുന്നു എന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട് .നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലായിരുന്നുഎന്നതാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം .വലിയ തർക്കങ്ങൾക്കൊടുവിലാണ് പോസ്റ്റർ ഒട്ടിക്കേണ്ടതില്ല എന്ന തീരുമാനമുണ്ടായത് .
സർക്കാരിനെതിരായി ബാധിക്കാവുന്ന വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന തരത്തിലാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ.സ്ഥാനാർത്ഥിയുടെ മികവും അവരുടെ യുവത്വത്തെയും ഉയർത്തിക്കാട്ടുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക , മണ്ഡലത്തിലെ വിഷയങ്ങളിൽ മാത്രം പ്രചാരണത്തെ തളച്ചിടുക എന്നതാണ് മറ്റൊരടവ് .
ശബരിമല വിഷയത്തിൽ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നൽകിയത്.ആ തോൽവിയാണ് ഇപ്പോൾ “നവോത്ഥാനം” പിൻവലിക്കാനിടതുപക്ഷത്തിന് പ്രേരണയായത് .
പാലാ നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വിജയം നൽകിയ ആത്മിശ്വാസം ഇടതുമുന്നണിക്ക് ചെറുതല്ല .അടുക്കും ചിട്ടയുമൊടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.അഞ്ചു നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലം മാത്രമാണ് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്.അരൂർ ഒഴിച്ച് ബാക്കിയെല്ലാം യു ഡി എഫിന്റെ കയ്യിലിരുന്ന മണ്ഡലങ്ങളാണ് .അവസാനഘട്ടത്തിൽ എൽ ഡി എഫിന്റെ അരൂരിൽ യു ഡി എഫ് ഭേദപ്പെട്ട നിലയിലാണ് എന്നാൽ കോന്നിയിലാകട്ടെ തനിക്കു ശേഷം പ്രളയം എന്ന അടൂർ പ്രകാശിന്റെ നിലപാട് എൽ ഡി എഫിന് മുൻതൂക്കം നൽകുന്നു .