തിരുവനന്തപുരം:തൊടുപുഴയില്‍ അമ്മയുടെ സുഹുത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസെടുക്കും.ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്.ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം.കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക,ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
കുട്ടിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ഇപ്പോള്‍ കൊലക്കുറ്റത്തിന് ജയിലിലാണ്.ഇയാള്‍ കുഞ്ഞിനോട് ക്രൂരത കാണിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കുകയും സംഭവം നടന്ന് ദിവസം കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് പുറത്തുപോവുകയും ചെയ്ത അമ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം നടന്നിരുന്നു. ആശുപത്രി ജീവനക്കാരടക്കം അമ്മയ്‌ക്കെതിരെയാണ് പ്രതികരിച്ചത്. കുട്ടിയുടെ അമ്മ ഇപ്പോള്‍ മാനസീകാരോഗ്യകേന്ദ്രത്തിലാണ്.
അതേസമയം മരിച്ച കുട്ടിയുടെ അനുജന്റെ സംരക്ഷണം കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുത്തു.അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നുകാട്ടി കുട്ടിയുടെ മുത്തച്ഛന്‍ ശിശുക്ഷേമസമിതിക്കു കത്തയച്ചിരുന്നു. കൂടാതെ കുട്ടിയെ വിട്ടുനല്‍കണമെന്നും കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും ശിശുക്ഷേമസമിതിയോടാവശ്യപ്പെട്ടിരുന്നു.