തിരുവനന്തപുരം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതി അരുണ്‍ ആനന്ദ് കൊലപാതകശ്രമമടക്കം നിരവധി കേസുകളിലെ
പ്രതിയെന്ന് പോലീസ്.കൊലപാതകം, ഭീഷണിപ്പെടുത്തല്‍,പണം തട്ടല്‍ തുടങ്ങിയ കേസുകളാണ് അരുണിനെതിരെയുള്ളത്.
2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് നന്തന്‍ കോട് സ്വദേശിയായ അരുണ്‍. മദ്യപാനത്തിനിടെ അരുണ്‍ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തിരുവനന്തപുരത്ത് ആറ് കേസുകളാണ് അരുണിനെതിരെ ഉള്ളത്.
മര്‍ദനമേറ്റ കുട്ടിയുടെ അമ്മയായ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്.എഴുമാസം മുന്‍പ് ഇവരുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു.തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുവായ അരുണുമായി യുവതി ബന്ധം സ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
തന്നെയും കുട്ടികളെയും അരുണ്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കി.ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണെന്നും യുവതി പറയുന്നു.ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട പാടുകളുണ്ട്.അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചതു കണ്ടതാണ് പ്രകോപനമായത്.മദ്യലഹരിയിലായിരുന്ന അരുണ്‍ കുട്ടിയെ മര്‍ദിച്ചു.ഇതു കണ്ട മൂത്ത കുട്ടി ബഹളംവെച്ചതോടെയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.