തൊടുപുഴ:അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ചു.കഴിഞ്ഞ പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റും.
അതിക്രൂരമായ മര്‍ദനത്തിനിരയായ കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു.കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലായിരുന്നു.ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയിരുന്നു.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും വിദഗ്ദ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികില്‍സ തുടര്‍ന്നത്.
അതേസമയം കുട്ടിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ സൃഹൃത്തായ അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.കുട്ടിയുടെ അച്ഛന്‍ ഏഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു.തുടര്‍ന്ന് കുട്ടിയെയും സഹോദരനേയും കൂട്ടി അമ്മ അരുണ്‍ ആനന്ദിനൊപ്പം തൊടുപുഴയിലെ കുമാരമംഗലത്തെ വാടകവീട്ടില്‍ താമസമാക്കുകയായിരുന്നു.

സംഭവദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്.അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. ഇതേച്ചൊല്ലി കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിച്ചു.ഇതു കണ്ട മൂത്തക്കുട്ടി നിലവിളിച്ചപ്പോഴാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.തടയാന്‍ ചെന്ന അമ്മയേയും ഇയാള്‍ ഉപദ്രവിച്ചു.ഇയാള്‍ തങ്ങളെ മര്‍ദിക്കുന്ന വിവരം മൂത്ത കുട്ടി സ്‌കൂളില്‍ പറഞ്ഞതും വൈരാഗ്യത്തിന് കാരണമായി.കുട്ടിയെ ഇയാള്‍ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു.ഗുരുതര പരിക്കേറ്റ കുട്ടിയെ അമ്മയും അരുണും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ സോഫയില്‍ നിന്നു വീണുവെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിലറിയിക്കുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അരുണ്‍ ആനന്ദ് കുട്ടികളെ ലൈംഗീകമായും ചൂഷണം ചെയ്തിരുന്നതായും പോലീസ് പറയുന്നു.
ഇളയകുഞ്ഞിനേയും അരുണ്‍ ആനന്ദ് മര്‍ദിക്കാറുണ്ടായിരുന്നു.കുട്ടി ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.