തിരുവനന്തപുരം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് കിട്ടേണ്ട മൂന്ന് മാസത്തെ വേതന കുടിശ്ശികയായ 210 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ക്ക് കത്തയച്ചു.
സംസ്ഥാനത്ത് പതിനാല് ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതില്‍ കൂടുതലും നിര്‍ദ്ധനരായ സ്ത്രീകളാണ്. ജീവിതം മുന്നോട്ട് നീക്കാന്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വലിയ ആശ്വാസമായിരുന്നു. ജോലി കഴിഞ്ഞാല്‍ 14 ദിവസത്തിനകം വേതനം നല്‍കണമെന്നാണ് നിയമം. പക്ഷേ മൂന്ന് മാസമായി വേതനം കിട്ടുന്നില്ല. ഇത് പരിതാപകരമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് തുക നല്‍കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.