തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സണ്‍ ജോസഫിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
തോമസ് ചാണ്ടി നിലം നികത്തി റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ നവംബര്‍ അഞ്ചിനാണ് പ്രാഥമികാന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ വലിയകുളം സീറോ ജെട്ടി ഭാഗത്ത് നിലംനികത്തി, തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് തോമസ് ചാണ്ടി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് ഉത്തരവ്. ആലപ്പുഴ സ്വദേശി സുഭാഷ് എം. തീക്കാടനാണ് പരാതി നല്‍കിയത്.