കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തിലെ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മന്ത്രി തോമസ് ചാണ്ടി വിസമ്മതിച്ചു. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയെ അറിയിച്ചു. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തന്‍ഖ കോടതിയില്‍ വ്യക്തമാക്കി.

രാവിലെ ഹര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ കോടതി ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണോയെന്ന് ഉച്ചയ്ക്ക് ശേഷം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45 ന് ഇക്കാര്യം അറിയിക്കാമെന്ന് തന്‍ഖ വ്യക്തമാക്കിയിരുന്നു. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് ശേഷം മാറ്റുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോടതി നടപടികള്‍ പുന:രാരംഭിച്ചപ്പോഴാണ് ഹര്‍ജി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഹര്‍ജി പിന്‍വലിച്ചാല്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ വിവേക് തന്‍ഖ വ്യക്തമാക്കി. ഹര്‍ജി നല്‍കിയത് മന്ത്രിയെന്ന നിലയിലല്ലെന്നും വ്യക്തിയെന്ന നിലയിലാണെന്നും തന്‍ഖ പറഞ്ഞു.