തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വ സാധ്യതയും പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഊര്‍ജ്ജിതമാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തിന്റെ ഫലമായി കടലില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുന്നതിലും തീരദേശ ജനങ്ങള്‍ക്ക് അനിവാര്യമായ ദുരിതാശ്വാസനടപടികള്‍ മുന്നോട്ടു നീക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ ഉണ്ടായിട്ടുള്ളത്. ഇന്നലെ രാവിലെ വലിയതുറയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നേരിട്ട് കണ്ട ജനങ്ങളുടെ ശക്തമായ പ്രതിഷേധ വികാരത്തില്‍ പ്രതിഫലിച്ചത് തങ്ങള്‍ നേരിടുന്ന ഈ ദുരവസ്ഥയാണ്.
മല്‍സ്യബന്ധനത്തിനു പോയ പ്രിയപ്പെട്ടവരെ കുറിച്ച് യാതൊരു വിവരവും കിട്ടാതെ അലമുറയിടുന്ന അമ്മമാരെയും സഹോദരിമാരെയും ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഞാനും ശ്രീ. മണക്കാട് സുരേഷും. അവരുടെ പ്രധാന ആക്ഷേപം പ്രകൃതിക്ഷോഭം സംബന്ധിച്ച് മുന്‍ കൂട്ടി അറിയിപ്പ് കിട്ടിയില്ല എന്നതാണ്. സാധാരണ ലഭിക്കാറുള്ള മുന്നറിയിപ്പുകള്‍ പോലും ഉണ്ടായില്ല. അതുകൊണ്ടാണ് ഇത്രയേറെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പെട്ടുപോയത്.
രക്ഷാനടപടികള്‍ യഥാസമയം തുടങ്ങിയില്ലെന്ന ശക്തമായ ആക്ഷേപം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. വേണ്ടത്ര ഏകോപനത്തോടെ നടപടികള്‍ മുന്നോട്ടു നീക്കിയില്ല, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ സാന്നിധ്യമില്ല തുടങ്ങിയ പരാതികളാണ് അവര്‍ പറഞ്ഞതെന്നും അവിടെ പ്രകടിപ്പിക്കപ്പെട്ട ജനവികാരവും പരാതികളും റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ ജനതയാകെ പരിഭ്രാന്തിയിലും അതീവ രോഷത്തിലുമാണ്. റോഡുകളെല്ലാം ഉപരോധിച്ചു കൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. സര്‍വ്വ സാധ്യതയും പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് സാധിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന് പ്രത്യാശ പ്രകടിപ്പിച്ചു.